തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ ന്യായീകരിച്ച് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ മുസ്‌ലിംങ്ങൾക്കും ആർഎസ്എസിനെതിരെ നടത്തുന്ന വിമർശനങ്ങൾ ഹിന്ദുക്കൾക്കും എതിരല്ലെന്ന് എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
മുസ്‌ലിം വർഗീയവാദത്തിന്റെ പ്രധാനികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദു വർഗീയ വാദത്തിന്റെ സുപ്രധാന കരുത്തായി ആർഎസ്എസ് പോലെ മുസ്‌ലിം വർഗീയ വാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും ഭീകരവാദ പ്രസ്‌ഥാനത്തിന്റെ ഭാഗമായ എസ്‌ഡിപിഐയും നിൽക്കുകയാണ്. ഇവരുടെ സഖ്യകക്ഷിയായാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെ പോലെയാണ് യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്തുനിർത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ വൈകാതെ തന്നെ കോൺഗ്രസിന് ലഭിക്കും. ഇത് ലീഗിനെയും ബാധിക്കും.
വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ് എന്നാണ് പറയുന്നത്. എന്നാൽ, ഇസ്‌ലാമിക രാഷ്‌ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്‍ലാമിയുമായി ചേർന്ന് യുഡിഎഫിന്റെ കക്ഷിയായി നിൽക്കുന്നത് ശക്‌തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കുമെന്നും എംവി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
വിവാദ പരാമർശത്തിൽ വിജയരാഘവനെ പൂർണമായും പിന്തുണയ്‌ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെ ആണെന്നായിരുന്നു എ വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വർഗീയതയിലെ മോശപ്പെട്ട ഘടകങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമർശങ്ങൾ ഉന്നയിച്ചത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ








































