കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും തകർന്നു. വീടുകൾക്ക് പുറമെ കൃഷി ഭൂമികളും വിള്ളൽ വീണതിനെ തുടർന്ന് വിണ്ടുകീറി കിടക്കുകയാണ്. ഇനി എന്ത് ചെയ്യണം എന്നറിയാതെ നാട്ടുകാർ ആശങ്കയിലാണ്.
2004ൽ ആണ് പ്രദേശത്ത് ആദ്യം വിള്ളൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 201 ലെ പ്രളയത്തിൽ സ്‌ഥിതി രൂക്ഷമായി. ഒരു കിലോമീറ്ററോളം ഭൂമിയാണ് വിണ്ടുകീറി കിടക്കുന്നത്. തുടർന്നുണ്ടായ ഓരോ മഴക്കാലത്തും വിള്ളലുകളുടെ വ്യാപ്‌തി വർധിപ്പിച്ചു. ഇതോടെ മൂന്ന് വർഷം മുൻപ് ജിയോളജി വകുപ്പും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസും പ്രദേശത്ത് പഠനം നടത്തിയിരുന്നു. റിപ്പോർട് സർക്കാരിന് കൈമാറുമെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നുമായിരുന്നു വാഗ്‌ദാനം.
എന്നാൽ, വീട് പൂർണമായി തകർന്ന മൂന്ന് കുടുംബങ്ങൾക്ക് തുച്‌ഛമായ സഹായം ലഭിച്ചതൊഴിച്ചാൽ മറ്റൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിലവിൽ മുപ്പതോളം കുടുംബങ്ങളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. മഴ കനത്താൽ ഇവർ ക്യാമ്പുകളിലേക്ക് മാറുകയാണ് പതിവ്. ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും നിലമൊരുക്കുന്നതും പഞ്ചായത്ത് വിലക്കിയിട്ടുണ്ട്. ഇതോടെ കാർഷിക വൃത്തിയും നിലച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: ‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്






































