തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ സ്വപ്‍ന സുരേഷിന്റേതെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണത്തിനായി സ്വപ്‍നയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി പ്രത്യേക അന്വേഷണ സംഘം ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കും. ശേഷം സ്വപ്‍നയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
സംഭവത്തില്‍ നേരത്തെ ജയില്‍ വകുപ്പ് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സൈബര്‍ സെല്‍ അഡീഷണല്‍ എസ്‍പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ജയിലില്‍ കഴിയുന്ന സ്വപ്‍നയുടെ മൊഴിയെടുക്കാനായി ജയില്‍ വകുപ്പോ അന്വേഷണ സംഘമോ കോടതിയില്‍ നിന്നും അനുമതി വാങ്ങണം. അതിന് ശേഷം മാത്രമേ മൊഴിയെടുപ്പ് നടത്താന്‍ സാധിക്കൂ. സ്വപ്‍നക്ക് ഒപ്പം തന്നെ സ്വപ്‍നയെ സന്ദര്‍ശിച്ച ബന്ധുക്കളെയും, ജയില്‍ അധികൃതരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം പോലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഇഡി തുടര്‍ നടപടികളിലേക്ക് കടക്കുക.
Read also : തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം വരവ്; വിദഗ്‌ധരുടെ മുന്നറിയിപ്പ്