പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ, പ്രായപൂർത്തി ആകാത്തവർക്ക് ലഹരിപദാർഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
മദ്യം നൽകിയ ബാറുടമകളെയും പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ കല്യാണി നഗറിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. 17-കാരൻ ഓടിച്ച ആഡംബര കാർ ബൈക്കിലിടിച്ച് ഐടി ജീവനക്കാരായ അനീസ് അവാധിയ, അശ്വിനി കോസ്ത എന്നിവരാണ് മരിച്ചത്. അശ്വിനി സംഭവസ്ഥലത്തും അനീസ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അപകടം നടക്കുമ്പോൾ 200 കിലോമീറ്റർ വേഗത്തിലാണ് കാറോടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്ളസ് ടു ഫലം വന്നത് ആഘോഷിക്കാൻ 17-കാരനും പിതാവും ബാറിൽ പോയി മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയിൽ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പിയതിനാണ് ബാറുടമകൾക്ക് എതിരെയുള്ള കേസ്.
രണ്ടുപേർ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈൽ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളിൽ ജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ് സുരക്ഷയെ കുറിച്ച് 300 വാക്കുള്ള ഉപന്യാസം എഴുതിച്ചതും വിവാദമായിരുന്നു. പിന്നാലെയാണ് പിതാവിനെതിരെ കേസെടുത്തത്. കേസ് പൂനെ പോലീസിന്റെ ക്രൈം ബ്രാഞ്ചിലേക്ക് കൈമാറിയിരിക്കുകയാണ്.
Most Read| അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു