തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷയിൽ അനുമതി നൽകിയത്.
മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദ് സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടു കേസുകളും പരസ്പരം ബന്ധപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. റമീസിനൊപ്പം മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.





































