ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്‌ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്.
ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ നാലുവരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിട്ടു. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ചെന്നൈ അടക്കം എട്ട് ഉപജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നു. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ബീച്ചുകളിലും പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിരുന്നു.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരുമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവായൂർ, മയിലാടുതുറൈ, നാഗപട്ടണം, കാരയ്‌ക്കൽ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ ആന്ധ്രാപ്രദേശിലും മഴ ശക്‌തമാകുകയാണ്.
തെക്കൻ ആന്ധ്രയുടെ തീരമേഖലയിലും റായലസീമ മേഖലയിലുമാണ് മഴ ശക്‌തമാകുന്നത്. നെല്ലൂർ, കടപ്പ, അന്നമയ്യ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തിരുപ്പതിയിൽ കനത്ത മഴയാണ് പെയ്യുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം