ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 46,951 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,46,081 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 212 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,59,967 ആയി ഉയർന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മുക്തരായ ആളുകളുടെ എണ്ണം 21,180 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആളുകളിൽ 1,11,51,468 പേരും നിലവിൽ രോഗമുക്തരായി. രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഉയർച്ച തുടരുകയാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,34,646 ആളുകളാണ് ചികിൽസയിൽ കഴിയുന്നത്.
രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 30,535 ആളുകൾക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം രോഗബാധിതരായ ആളുകളുടെ എണ്ണം. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും രോഗവ്യാപനം ക്രമാതീതമായി ഉയരുകയാണ്.
കൂടാതെ രാജസ്ഥാനിലെ അജ്മേർ, ജയ്പൂർ, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലവും നിർബന്ധമാക്കി. ഒപ്പം തന്നെ രാജ്യതലസ്ഥാനമായ ഡെൽഹിയിൽ പ്രതിദിനം രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
Read also : വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി







































