ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്റ്റിന്റെ വീട്ടിലും റെയ്ഡ്. മറഡോണയുടെ സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ ചികിൽസാ പിഴവുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം മറഡോണയുടെ ചികിൽസക്കായി മെഡിക്കൽ സംഘത്തെ രൂപവൽക്കരിച്ചിരുന്നു. ഈ സംഘത്തിലെ സൈക്യാട്രിസ്റ്റായിരുന്നു അഗസ്റ്റിന. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് അഗസ്റ്റിനയുടെ അഭിഭാഷകൻ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
ഇതിഹാസ താരത്തിന്റ അവസാന നാളുകളിൽ ചികിൽസ പിഴവുകൾ ഉണ്ടായെന്ന് ആരോപിച്ച് മറഡോണയുടെ മക്കളും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. ഡോക്ടറുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു ആരോപണം. മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ഓഫീസിലും നേരത്തെ പരിശോധന നടത്തിയിരുന്നു.
നവംബർ 25നാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
Read also: ബുറെവി; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, പോലീസ് സഹായത്തിന് ‘112’ നമ്പറില്‍ ബന്ധപ്പെടാം