കോഴിക്കോട്: വടകര ചോറോട് കൈനാട്ടി മേൽപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏറാമല എടോത്ത് മീത്തൽ വിജീഷിനെയാണ് (33) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടകര താഴെ അങ്ങാടി വലിയ വളപ്പ് കരകെട്ടിയ ചെറിയണ്ടി ഫാസിൽ (39) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
2023 സെപ്തംബർ 13ന് രാവിലെ ആറുമണിയോടെയാണ് ഫാസിലിനെ കൈനാട്ടി മേൽപ്പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് അഞ്ചുദിവസം മുമ്പായിരുന്നു ഇയാൾ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയത്. പ്രഭാത സവാരി നടത്തുന്നയാളാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത് രക്തം പുരണ്ട നിലയിൽ ഇയാളുടെ സ്കൂട്ടറും ഉണ്ടായിരുന്നു.
മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. ലഹരിമരുന്ന് അമിതമായി കുത്തിവെച്ചതിനെ തുടർന്നാണ് മരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ച ഏറാമല കുന്നുമ്മക്കരയിൽ ലഹരിമരുന്ന് സംഘത്തിൽപ്പെട്ട രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെപ്പറ്റിയുള്ള വിവരം ലഭിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടിൽ വെച്ചാണ് ഫാസിൽ ലഹരിമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലായത്. പിന്നീട് വിജീഷും മറ്റു രണ്ടുപേരും ചേർന്ന് ഫാസിലിനെ വാഹനത്തിൽ കയറ്റിയ ശേഷം കൈനാട്ടിയിലെ മേൽപ്പാലത്തിന് താഴെ കൊണ്ടുചെന്ന് തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് വിജീഷ് എന്ന് പോലീസ് പറയുന്നു.
Most Read| കോൺഗ്രസിന് വീണ്ടും തിരിച്ചടി; വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ