മാവൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17ല്‍ ഊര്ക്കടവില് ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘമെത്തി രോഗലക്ഷണമുള്ള ആടുകളില്‍നിന്ന് ശനിയാഴ്ച സാമ്പിള്‍ ശേഖരിച്ചു. സ്രവങ്ങളുടെയും രക്തം, വിസര്‍ജ്യങ്ങള്‍ എന്നിവയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.
സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കോഴിക്കോട് ലാബിലും ആവശ്യമെങ്കില്‍ കണ്ണൂരിലെ ലാബിലും പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലാ ലാബ് ഓഫീസര്‍ ഡോ. അമൂല്യ, ജില്ലാ എപിഡമിക്കല് ഓഫീസര്‍ നിഷ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
രോഗം സംബന്ധിച്ച വ്യക്തമായ വിവരം പരിശോധനാ ഫലം ലഭ്യമാകുന്ന മുറക്ക് മാത്രമേ ലഭിക്കൂവെന്ന് മാവൂരിലെ വെറ്ററിനറി സര്ജന് പി ബിജുപാല്‍ പറഞ്ഞു. നിലവില്‍ രോഗലക്ഷണം കാണിക്കുന്ന ആടുകള്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. കൂടുതല്‍ ആടുകളിലേക്ക് രോഗം പടരാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട് എന്നും പരിശോധനാ ഫലം ലഭ്യമായാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
23 ആടുകളാണ് രണ്ടാഴ്ചക്കിടെ പ്രദേശത്തു ചത്തത്. ഊര്‍ക്കടവ് അരീക്കുഴിയില്‍ സുബൈറിന്റെ 19 ആടുകളും അരീക്കുഴിയില്‍ നാസറിന്റെ നാല് ആടുകളുമാണ് ചത്തത്. കൂടാതെ നിരവധി ആടുകള്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. ഇവയില്‍ പലതിന്റെയും നില ഗുരുതരമാണ്.
രണ്ടാഴ്ച മുൻപാണ് ആടുകള്‍ക്ക് രോഗം കണ്ടുതുടങ്ങിയത്. ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ മരുന്നും ചികില്‍സയും നല്‍കുന്നവക്ക് രോഗം ഭേദമാകുന്നുതായും അധികൃതര്‍ പറഞ്ഞു.
Malabar News: ചെറുപുഴയിൽ മാവോയിസ്റ്റുകളുടെ ചിത്രം അടങ്ങിയ പോസ്റ്റർ പതിച്ചു







































