ടെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ വിയോഗത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം. ഔദ്യോഗിക പരിപാടികൾ ഒന്നും നടക്കില്ല. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.
നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും. അതേസമയം, സംസ്ഥാനത്തും നാളെ ദുഃഖാചരണത്തിന് തീരുമാനമെടുത്തു. കേന്ദ്ര ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജില്ലാ കളക്ടർമാർക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടാൻ സർക്കാർ നിർദ്ദേശം നൽകി.
ഇബ്രാഹീം റഈസിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിൽ ഇബ്രാഹീം റഈസി നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇബ്രാഹീം റഈസിയുടെ മരണം സ്ഥിരീകരിച്ചത്. ഇറാൻ- അസർബൈജാൻ അതിർത്തിയിൽ ക്വിസ് കലാസി അണക്കെട്ടിന്റെ ഉൽഘാടനം കഴിഞ്ഞ് മടങ്ങവെയാണ് റഈസിയുടെ ഹെലികോപ്ടർ വിദൂരവനമേഖലയിൽ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്ഥിരീകരണം വന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി ആലഹഷെം എന്നിവരും ഹെലികോപ്ടർ പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു. മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്