ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ദമ്പതികൾ എന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ അപമാനം ഭയന്ന ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. മാലതി ഗർഭിണിയായതും പ്രസവിച്ചതും ഒന്നും ആരോഗ്യ പ്രവർത്തകരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.
പ്രസവത്തിന് ശേഷം ആശുപത്രിയിലെത്തിയ മാലതിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് മുൻപ് കുട്ടി ഉണ്ടായതിന്റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മാലതി ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: മസ്‌ക് ഒഴിയുന്നു; ട്വിറ്റർ സ്‌ഥാനത്തേക്ക് പുതിയ സിഇഒ







































