പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരണം. അവിവാഹിതയായ യുവതി ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി നീതുവിനെ (21) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് നീതു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളയാഴ്ചയാണ് നീതു ചുമത്രയിലെ വാടകവീട്ടിൽ പ്രസവിച്ചത്. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയിൽ വെച്ച് മൂക്കിലേക്ക് വെള്ളമൊഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കുഞ്ഞിനെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.
നവജാത ശിശുവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്. പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് നീതുവിനെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുക ആയിരുന്നുവെന്ന് നീതു പോലീസിനോട് സമ്മതിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻ ജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് യുവതി മറച്ചുവെക്കുകയായിരുന്നു.
Most Read| ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് വിഷയത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്






































