സിദ്ധാർഥന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

By Trainee Reporter, Malabar News
siddharth
പോലീസ് പുറത്തിറക്കിയ ലുക്ക്‌ഔട്ട് നോട്ടീസ്
Ajwa Travels

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകാനുള്ള നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്‌ക്കും ക്രൂരമർദ്ദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദ വിദ്യാർഥി ജെഎസ് സിദ്ധാർഥനെയാണ് (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിപട്ടികയിലുള്ള 18 പേരിൽ മുഖ്യപ്രതി അടക്കം ഏഴ് പേർ ഒളിവിലാണ്.

കഴിഞ്ഞ ദിവസം കീഴടങ്ങിയ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്‌ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ, മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്‌തു. ആദ്യം പിടിയിലായ ആറുപേരും റിമാൻഡിലാണ്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്‌. പ്രതികൾക്കെതിരെ ആത്‍മഹത്യാ പ്രേരണ, റാഗിങ്, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സിദ്ധാർഥനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ 19 പേരെ കോളേജിൽ നിന്ന് പുറത്താക്കാനും മൂന്ന് വർഷത്തെ പഠന വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അംഗീകൃത സ്‌ഥാപനങ്ങളിൽ ഇവർക്ക് മൂന്ന് വർഷത്തേക്ക് പഠനം സാധ്യമാകില്ല. എന്നാൽ, വിദ്യാർഥികൾക്ക്‌ അപ്പീൽ പോകാനുള്ള അവസരവുമുണ്ട്.

നാട്ടിലേക്ക് പോയ സിദ്ധാർഥനെ ക്യാമ്പസിലേക്ക് തിരിച്ചു വിളിക്കുകയും പ്രധാന പ്രതികളുടെ നിർദ്ദേശം അനുസരിച്ച് സിദ്ധാർഥനെ മർദ്ദിക്കുകയും ചെയ്‌തതുൾപ്പടെ കുറ്റങ്ങൾ ചെയ്‌ത പത്ത് വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കും. അവർക്ക് ഒരു വർഷത്തേക്ക് പരീക്ഷ എഴുതാനാകില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ സിദ്ധാർഥൻ അപേക്ഷിച്ചിട്ടും കേൾക്കാതിരുന്ന രണ്ടുപേരെ ഹോസ്‌റ്റലിൽ നിന്ന് പുറത്താക്കും. ഇവർക്ക് ഇന്റേണൽ പരീക്ഷ എഴുതാനാകില്ല.

മർദ്ദനങ്ങൾക്കും നിശബ്‌ദ സാക്ഷികളാകുകയും അധികൃതരെയോ മാതാപിതാക്കളെയോ വിവരമറിയിക്കാതിരിക്കുകയും ചെയ്‌ത എല്ലാ വിദ്യാർഥികളെയും ഏഴ് ദിവസത്തേക്ക് സൻസ്‌പെൻഡ് ചെയ്യും. വിദ്യാർഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരിഹാര സമിതി വ്യക്‌തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്‌റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്‌നനാക്കി ആയിരുന്നു മർദ്ദനം. രണ്ടു ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പ് കമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വയനാട് ഡിവൈഎസ്‌പി ടിഎൻ സജീവിന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി മേൽനോട്ടം വഹിക്കും. ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം.

Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE