അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്

പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാൻസെറ്റ് ജേണലിൽ', അമിതവണ്ണത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നാലിരട്ടിയോളം വർധിച്ചതായും നിലവിൽ ലോകത്ത് 10,000 ലക്ഷം പേർ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണെന്നും പറയുന്നു.

By Trainee Reporter, Malabar News
Obesity
Rep. Image
Ajwa Travels

മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ ‘അമിതവണ്ണം’ എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. അമിതവണ്ണം, നമുക്കറിയാം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കാം. പ്രായഭേദമന്യേ ഇന്ന് അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുക ആണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ് ജേണൽ’ ആണ് പഠനത്തിന്റെ വിശദമായ റിപ്പോർട് പങ്കുവെച്ചത്. 1990ൽ നിന്ന് 2022 വരെയുള്ള കാലയളവിൽ അമിതവണ്ണത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നാലിരട്ടിയോളം വർധിച്ചതായി പഠനത്തിൽ പറയുന്നു. ആശങ്കപ്പെടുത്തുന്ന തോത് തന്നെയാണിതെന്നാണ് ആരോഗ്യ വിദഗ്‌ധർ സാക്ഷ്യപ്പെടുത്തുന്നത്.

നിലവിൽ ലോകത്ത് 10,000 ലക്ഷം പേർ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണെന്ന് പഠനം വ്യക്‌തമാക്കുന്നു. ഇതിൽ കുട്ടികളും കൗമാരക്കാരും മുതിർന്നവരുമെല്ലാം ഉൾപ്പെടുന്നുണ്ട് എന്നതാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്. അതേസമയം, സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് അമിതവണ്ണം ഉണ്ടാകുന്നതിന്റെ തോത് കൂടുതലായി കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

എൻഡിസി റിസ്‌ക് ഫാക്‌ടർ കൊളാബറേഷനും ലോകാരോഗ്യ സംഘടനയും സംയുക്‌തമായാണ് പഠനം നടത്തിയിരിക്കുന്നത്. പോഷകക്കുറവ് ഒരുപരിധിവരെ അമിതവണ്ണത്തിലേക്ക് നയിക്കുന്നുവെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ശരീരഭാരം തീരെ കുറഞ്ഞവരെ മാത്രമല്ല, അമിതവണ്ണത്തെയും പോഷകാഹാരക്കുറവ് എന്ന നിലയിലേ പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നുമാണ് വിദഗ്‌ധർ പറയുന്നത്.

Effects-of-Obesity

ആയതിനാൽ, ഇത്രയധികം പേർ ലോകത്താകമാനം പോഷകാഹാര കുറവിലേക്ക് എത്തുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കാര്യത്തിലേക്ക് പഠനം വിരൽ ചൂണ്ടുന്നത്. ഒരു പകർച്ചവ്യാധിക്ക് തുല്യമായി അമിതവണ്ണത്തെ കണക്കാക്കണമെന്ന ആവശ്യവും ആരോഗ്യ പ്രവർത്തകരിൽ നിന്നും ഗവേഷകർക്കിടയിൽ നിന്നും ഉയരുന്നുണ്ട്. ഇനിയും ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ പേരിലേക്ക് എത്തുന്ന, കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാവുന്ന പ്രശ്‌നമാണിതെന്ന് തന്നെയാണ് വിദഗ്‌ധർ ആവർത്തിച്ച് പറയുന്നത്.

മിക്ക ലോകരാജ്യങ്ങളിലും അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ തോത് ഉയർന്നിട്ടുണ്ടെന്നും പഠനം പ്രത്യേകം പറയുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങി പല പ്രശ്‌നങ്ങളും അസുഖങ്ങളും അമിതവണ്ണം ഉള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. ഇത് അവരുടെ ആയുർദൈർഘ്യത്തെയും ബാധിക്കുന്നു.

അതിനാൽ, അമിതവണ്ണത്തെ നിസാരമായി കാണരുതെന്ന് പഠനം നിർദ്ദേശിക്കുന്നു. എന്നാൽ, അമിതവണ്ണം ഉള്ളവരിൽ എല്ലാവരിലും രോഗങ്ങൾ കാണണമെന്നില്ലെന്നും അങ്ങനെയല്ല ചിന്തിക്കേണ്ടത്, പകരം രോഗങ്ങൾക്കുള്ള സാധ്യതകൾ ഇവരിൽ വളരെ കൂടുതലായിരിക്കും എന്ന ‘റിസ്‌ക്’ ആണ് മനസിലാക്കേണ്ടതെന്നും പഠനം പ്രത്യേകം വ്യക്‌തമാക്കുന്നു.

MalabarNews_obesity

വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് ആദ്യം വേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാം. അതുകൊണ്ടുതന്നെ വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. സൂപ്പ് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്താറുമുണ്ട്. എന്നാല്‍ പലരും ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

2. ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും.

3. മിക്കവരും ചായയും കാപ്പിയുമെല്ലാം കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്. ഭക്ഷണത്തിന്റെ ഇടവേളകളിലും ജോലിക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കുന്നത് കാണാം. എന്നാൽ പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടുമെന്ന് ഓർക്കുക.

faty liver
Rep. Image

4. ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയവും ചീസിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

5. ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും ഫ്രഞ്ച് ഫ്രൈസുകളിൽ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

6. ദിവസവും കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറക്കാം.

7. മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുമെങ്കിലും ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകരുത്.

8. ജങ്ക് ഫുഡ് സ്‌ഥിരമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതിനാൽ ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. ഇവയുടെ ഉപയോഗവും കുറക്കേണ്ടതാണ്.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE