തിരുവനന്തപുരം: ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് മെഡിക്കൽ കോളേജിൽ വച്ചല്ലെന്ന് പ്രാഥമിക നിഗമനം. ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട് വിദഗ്ധ സമിതി ഇന്ന് സമർപ്പിക്കും.
ശിവപ്രിയയുടെ ബന്ധുക്കളെയും ചികിൽസിച്ച ഡോക്ടർമാരുടെയും മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം, റിപ്പോർട് വന്നശേഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭർത്താവ് മനു പ്രതികരിച്ചു. മെഡിക്കൽ കോളേജിൽ മരിച്ച ആർക്കാണ് നീതി ലഭിച്ചതെന്നും മനു ചോദിച്ചു.
”അവസാനം ഡോക്ടർമാർക്ക് അനുകൂലമായാണ് എല്ലാ റിപ്പോർട്ടുകളും വരാറുള്ളത്. വീട്ടിൽ നിന്ന് അണുബാധ ഉണ്ടായെന്നാണ് ആശുപത്രിയിൽ എത്തിയപ്പോൾ പറഞ്ഞത്. മരണം നടന്നപ്പോഴും അത് തന്നെ ആണ് പറഞ്ഞത്. ഇനിയും അങ്ങനെ തന്നെ പറയാൻ ആണ് സാധ്യത. അന്വേഷണം നടത്തുന്നത് ഡോക്ടർമാർ തന്നെയല്ലേ. അവർ മറ്റു ഡോക്ടർമാർക്ക് അനുകൂലമായല്ലേ റിപ്പോർട് സമർപ്പിക്കൂ. കുഞ്ഞിന്റെ ആരോഗ്യനില പോലും ഇതുവരെയും ആരും അന്വേഷിച്ചിട്ടില്ല”- മനു പ്രതികരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് അണുബാധയെ തുടർന്ന് തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശിവപ്രിയക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എസ്ഐടി ആശുപത്രിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തെങ്കിലും മരിച്ചു.
മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ശിവപ്രിയയുടെ മരണം ചികിൽസാ പിഴവിനെ തുടർന്നെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.
Most Read| കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ








































