കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണെന്നും, വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് ഈ കേസ് എടുത്തതെന്നും ദിലീപ് ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടി.
വധഭീഷണി കേസിൽ ദിലീപിനൊപ്പം തന്നെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തില്‍ ദിലീപ് അടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും ഇതിലുൾപ്പെടും. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടു കൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗർ പണം ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
Most Read: ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടർന്ന്; എഫ്ഐആർ








































