തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥർ മാത്രമേ സ്വപ്നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാർപ്പിച്ചത്.
ഓരോ ജയിലിലും ആരൊക്കെ സന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസി ടിവി ദൃശ്യങ്ങളുമുണ്ട്. സ്വപ്നയുടെ അമ്മയും മകളും ഭർത്താവും സഹോദരനും അട്ടക്കുളങ്ങരയിൽ വന്ന് നേരിട്ട് കണ്ടിരുന്നു. ജയിലിൽ സ്വപ്ന ആരെയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങൾ എൻഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയിൽ വകുപ്പ് പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന ആരോപണത്തെതുടർന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷ ഒരുക്കിയതായും ജയിൽ അധികൃതർ വ്യക്തമാക്കി. സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഒരു വനിത ഗാർഡ് ഉണ്ടാകും. ജയിലിന് പുറത്ത് കൂടുതൽ സായുധ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ് സമർപ്പിച്ച അപേക്ഷയിൽ കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സുരക്ഷ വർധിപ്പിക്കാൻ ഉത്തരവിട്ടത്. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചുവെന്നും, തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയെന്നുമാണ് സ്വപ്ന കോടതിയില്‍ വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്ത് പറയരുതെന്നും, തന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ കോടതി ഇടപെട്ട് സംരക്ഷണം അനുവദിക്കണം എന്നായിരുന്നു സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടത്.
Also Read: സിബിഎസ്ഇ സ്കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്







































