തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. സ്വർണക്കടത്തു കേസിൽ ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌നാ സുരേഷ് കോടതിയെ അറിയിച്ചത്.
എന്നാൽ ആരോപണങ്ങൾ തെളിയിക്കുന്നതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ഒക്‌ടോബർ 14ന് സ്വപ്‌നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ജയിൽ ഡിഐജി അജയ് കുമാർ പരിശോധിച്ചു. സന്ദർശക രജിസ്‌റ്ററും പരിശോധിച്ചിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്‌ഥരും വിജിലൻസ് ഉദ്യോഗസ്‌ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്‌നയെ ജയിലിൽ സന്ദർശിച്ചത് എന്നാണ് ജയിൽ ഉദ്യോഗസ്‌ഥർ പറയുന്നത്. ചോദ്യം ചെയ്യലും കൂടിക്കാഴ്‌ചയുമെല്ലാം ജയിൽ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലായിരുന്നു എന്ന് സൂപ്രണ്ടും മൊഴി നൽകി.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും, മൊഴി നൽകാതിരിക്കാൻ നവംബർ 25വരെ ജയിലിലെത്തി ചില ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്നും സംരക്ഷണം വേണമെന്നും സ്വപ്‌നാ സുരേഷ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്വപ്‌നക്ക് സുരക്ഷ വർധിപ്പിക്കാൻ കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്ത് പറയരുതെന്നും, തന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‍നയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ കോടതി ഇടപെട്ട് സംരക്ഷണം അനുവദിക്കണം എന്നായിരുന്നു സ്വപ്‍ന കോടതിയില്‍ ആവശ്യപ്പെട്ടത്.
National News: കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചരഞ്‌ജിത് സിംഗ് ചാന്നി