ന്യൂഡെൽഹി: റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ കൊണ്ടുപോയതിന് ശേഷമാണ് ദീപ് സിദ്ദുവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതിന് പിന്നില്‍ ദീപ് സിദ്ദുവിന് പങ്കുണ്ടെന്ന് ഡെല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു. ട്രാക്‌ടര്‍ റാലിക്കിടയിലെ വ്യാപക അതിക്രമത്തിന് ശേഷം ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിന് രാജസ്‌ഥാനിലെ കര്‍ണാലില്‍ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
സിദ്ദുവിനെയും കൂട്ട് പ്രതികളായ മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്‌റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ സിദ്ദുവിനെ ഏഴുദിവസം പോലീസ് കസ്‌റ്റഡിയില്‍ വിടുകയായിരുന്നു.
അതേസമയം, ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്‌റ്റിലായി. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണത്തിൽ സുഖ്‌മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33), ഹർവീന്ദർ സിംഗ് (32) എന്നിവരെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരാണ് പിടിയിലായത്.
Read also: ട്രാക്‌ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്‌റ്റിൽ








































