മാനന്തവാടി: ഭാര്യയെയും ഭാര്യാമാതാവിനേയും മധ്യവയസ്‌കൻ കമ്പിവടിക്കൊണ്ട് തലക്കടിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹ്‌മാനെതിരെയാണ് (54) പോലീസ് വധശ്രമത്തിന് കേസടുത്ത് അറസ്‌റ്റ് ചെയ്‌തത്. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീന (40), സക്കീനയുടെ മാതാവ് പാത്തുമ്മ (75) എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് മർദ്ദനമെന്നാണ് പോലീസ് നൽകുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ പാത്തുമ്മ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സക്കീനയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഭർത്താവിനെതിരെ കേസെടുത്തത്. കമ്പിവടിക്കൊണ്ട് ആദ്യം സക്കീനയുടെ തലക്കടിച്ച ഭർത്താവ് തടയാൻ ചെന്നപ്പോൾ മാതാവിന്റെ തലക്കും അടിച്ചതായി സക്കീന പറഞ്ഞു. താഴെവീണ മാതാവിനെ പലതവണ മർദ്ദിച്ചതായും സക്കീന പരാതിപ്പെട്ടു.
തുടർന്ന് അയൽവാസികൾ എത്തിയാണ് ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പാത്തുമ്മയെ പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാനന്തവാടി സിഐ അബ്‌ദുൾ കരീം, എസ്‌ഐ ബിജു ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: സംസ്‌ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; വിദ്യാഭ്യാസമന്ത്രി








































