ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവം. നിരവധി പേരുകൾ ബിജെപി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
എഎപി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമയുടെ പേരാണ് തുടക്കം മുതൽ ഉയർന്നുകേൾക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്‌ച വിദേശ പര്യടനങ്ങൾക്കായി തിരിക്കുകയാണ്. തിങ്കളാഴ്‌ച ഫ്രാൻസിലേക്ക് പോകുന്ന മോദി, യുഎസ് സന്ദർശനവും കഴിഞ്ഞ ശേഷമേ ഇന്ത്യയിൽ തിരിച്ചെത്തുകയുള്ളൂ.
ഇതിന് മുൻപ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ മോദി തിരിച്ചെത്തിയ ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന. ഡെൽഹിയിലെ സിറ്റിങ് എംപിമാരിൽ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നാണ് ഉയരുന്ന ഒരു അഭ്യൂഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബിജെപി, ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെ ആയിരുന്നു മൽസരിപ്പിച്ചത്.
അങ്ങനെയെങ്കിൽ ഈസ്‌റ്റ് ഡെൽഹി എംപിയും കേന്ദ്രസഹമന്ത്രിയുമായ ഹർഷ് മൽഹോത്ര, നോർത്ത് ഈസ്‌റ്റ് ഡെൽഹി എപി മനോജ് തിവാരി, ന്യൂഡെൽഹി എംപി ബാംസുരി സ്വരാജ് എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. വനിതകളിൽ നിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കിൽ ഷാലിമാർബാർഗിൽ നിന്ന് വിജയിച്ച രേഖ ശർമ, ശിഖ റായ് എന്നിവർക്കും സാധ്യതയുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്