ന്യൂഡെൽഹി: ഡെൽഹിയിൽ മഴക്കെടുതി അതിരൂക്ഷം. പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നിഗംബോധ് ഘട്ട് ശ്‌മശാനത്തിലേക്ക് വെള്ളമെത്തി. ഇതോടെ ശ്‌മശാനം അടച്ചു. ഇവിടെ സംസ്‌കരിക്കാൻ നിശ്‌ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്‌മശാനത്തിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതോടെ ഡെൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ പരിസരത്ത് റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
പാലം മോഡിൽ റോഡ് വെള്ളത്തിലായതോടെ ടെർമിനൽ 1ലേക്കുള്ള യാത്രക്കാർ വലഞ്ഞു. ഇന്നലെ വൈകീട്ടോടെ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററിലെത്തി. യമുന ബസാർ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. 2023ലും യമുന ജലനിരപ്പ് 208.6 മീറ്റർ എത്തിയിരുന്നു. 1978ൽ 207.49 മീറ്റർ വെള്ളമെത്തി.
ഡെൽഹിയിൽ പെയ്യുന്ന മഴയ്‌ക്കൊപ്പം വാസീറാബാദ്, ഹത്‌നികുണ്ട് ബരാജുകളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതാണ് ജലനിരപ്പ് നിയന്ത്രണാതീതമാകാൻ കാരണം. ഇതോടെ ഇരുമ്പുപാലം അടച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് 7500 പേരെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇവർക്കായി 25 ദുരിതാശ്വാസ ക്യാമ്പുകളും സജ്‌ജീകരിച്ചു.
നജഫ്‌ഗഡിലെ വെള്ളപ്പൊക്ക മേഖലകൾ മുഖ്യമന്ത്രി രേഖ ഗുപ്‌ത സന്ദർശിച്ചു. ഇവിടെ നിന്ന് 2000 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും കനാലുകളിലൂടെ വെള്ളം തുറന്നുവിടുമ്പോൾ മുന്നറിയിപ്പ് നൽകാൻ പഞ്ചാബ് സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ