ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡെൽഹി ഹൈക്കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയിൽ ഹരജിയെത്തിയത്. ഏപ്രിൽ 27ന് ഹിമാചൽ പ്രദേശിൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദ നടത്തിയ സാമൂഹിക മാധ്യമ പോസ്റ്റുകളെ കുറിച്ചും ഹരജിയിൽ പറയുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ എല്ലാ നേതാക്കൾക്ക് എതിരെയും നടപടിയെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. ”അവർ നിങ്ങളുടെ സ്വത്ത് മുസ്ലിംകൾക്ക് നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, സഹോദരിമാരെ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണമെന്നാണോ?”- മോദി ചോദിച്ചു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി