ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (23) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്ത് മണിയോടെ നെവിന്റെ പോസ്‌റ്റുമോർട്ടം നടക്കും. ഇന്നലെ വൈകിട്ടോടെ ഡെൽഹിയിൽ എത്തിയ അമ്മാവൻ ലിനു രാജ്, നെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കരോൾബാഗിൽ വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ഇവർ അറിയിച്ചു. വിദ്യാർഥികൾ കരോൾബാഗ് മെട്രോ സ്‌റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇന്നലെ ഗതാഗത തടസം നേരിട്ടതോടെ പ്രതിഷേധക്കാരായ വിദ്യാർഥികളിൽ ചിലരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) ഭാഗത്ത് നിന്ന് വലിയ വീഴ്‌ചയാണ് സംഭവിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഓടകൾ വൃത്തിയാക്കാത്തതാണ് കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ അനധികൃതമായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം എംസിഡി അധികൃതർ പറഞ്ഞിരുന്നു. എൻഒസിയിൽ സ്‌റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിലെ വിദ്യാർഥി എംസിഡിക്ക് പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.
വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം ഗജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്‌റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്‌മെന്റിൽ ഉണ്ടായിരുന്നത്. ഇവിടെ സംഭവം നടന്ന സമയത്ത് നിരവധി വിദ്യാർഥികൾ ഉണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞു വെള്ളം ഇരച്ചുകയറിയതാണ് അപകട കാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
കാലടി സ്വദേശിയായ നെവിൻ, ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയാണ്. റിട്ട. ഡിവൈഎസ്‌പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടിഎസ് ലാൻസ്‌ലെറ്റിന്റേയും മകനാണ്. നെവിന് പുറമെ ടാനിയ സോണി (25), ശ്രേയ യാദവ് (25) എന്നീ വിദ്യാർഥിനികളും മരിച്ചു. മൂവരും സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയിൽ എത്തിയതാണെന്നാണ് വിവരം.
Most Read| പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ