മണ്ണാർക്കാട്: വനാതിർത്തി നിർണയിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്താണ് സംഭവം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ ആണ് നാട്ടുകാർ തടഞ്ഞത്. കൊടുവാളിപ്പുറം സുബ്രമഹ്ണ്യന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സർവേക്കല്ലുകൾ നാട്ടിയത്.
തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം കാരണം അതിർത്തി നിർണയിക്കൽ നിർത്തിവെക്കുകയായിരുന്നു. വർഷങ്ങളായി തങ്ങൾ കൈവശം വച്ചിരിക്കുന്ന സ്‌ഥലത്താണ് വനംവകുപ്പ് അതിർത്തി നിർണയിക്കാൻ എത്തിയതെന്ന് സുബ്രമഹ്ണ്യൻ പറഞ്ഞു. ഇതേ അളവിൽ അതിർത്തി നിർണയിച്ചാൽ പ്രദേശത്തെ 40 ഓളം കുടുംബങ്ങളുടെ കൃഷിസ്‌ഥലവും വനാതിർത്തിക്കകത്ത് ഉൾപ്പെടും.
വർഷങ്ങളായി ഈ പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും തമ്മിൽ ഭൂമിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. ഇതുമൂലം വീടുകൾ അറ്റകുറ്റപ്പണി നടത്തുവാനോ പുതുക്കി പണിയുവാനോ നാട്ടുകാർക്ക് സാധിക്കുന്നില്ല. അതേസമയം, വനംവകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള രേഖകൾ പറയുന്നിടത്ത് തന്നെയാണ് അതിർത്തി നിർണയിച്ചതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: ഒമൈക്രോൺ; ഇന്ന് അവലോകന യോഗം ചേരും, ഇളവുകളും ചർച്ചയാകും



































