
ന്യൂഡെൽഹി: ഡെൽഹിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം.
പള്ളിക്ക് സമീപത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ അക്രമികൾ കല്ലെറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഡെൽഹി മുനിസിപ്പൽ കോർപറേഷനിലെ മുന്നൂറോളം വരുന്ന ഉദ്യോഗസ്‌ഥരും തൊഴിലാളികളും തുർക്ക്‌മാൻ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് എലാഹി പള്ളിയുടെയും ശ്‌മശാനത്തിന്റെയും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം.
പൊളിക്കൽ നടപടികൾ പുരോഗമിക്കവെ ചില പ്രദേശവാസികൾ ഉദ്യോഗസ്‌ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസ് ഇവർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. മുപ്പതോളം പേർ പോലീസിന് നേരെ കല്ലെറിഞ്ഞെന്നാണ് റിപ്പോർട്. പ്രദേശത്ത് നിന്ന് ലഭിച്ച വീഡിയോകളിൽ നിന്ന് കല്ലെറിഞ്ഞ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പരിക്കേറ്റ പോലീസുകാരുടെയും കോർപറേഷൻ ജീവനക്കാരുടെയും പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായി 30 ബുൾഡോസറുകളും 50 ട്രക്കുകളുമാണ് ഉദ്യോഗസ്‌ഥർ എത്തിച്ചത്.
മൂന്നുമാസത്തിനുള്ളിൽ തുർക് മാൻ ഗേറ്റിന് സമീപത്ത് രാംലീല മൈതാനിയിലെ 38,940 സ്‌ക്വയർ ഫീറ്റ് വരുന്ന അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കണമെന്നാണ് 2025 നവംബറിൽ ഡെൽഹി ഹൈക്കോടതി ഡെൽഹി മുനിസിപ്പൽ കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകിയത്.
0.195 ഏക്കർ ഭൂമിയിലാണ് പള്ളി സ്‌ഥിതി ചെയ്യുന്നത്. ഇതിന് അപ്പുറമുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ബാധ്യസ്‌ഥരാണെന്നും പള്ളിയുടെ മാനേജിങ് കമ്മിറ്റിയോ ഡെൽഹി വഖഫ് ബോർഡോ ബോമിയുടെ ഉടമസ്ഥാവകാശമോ നിയമപരമായ കൈവശാവകാശമോ സ്ഥാപിക്കുന്നതിന് യാതൊരു രേഖാമൂലമുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നും ഡിസംബറിൽ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ പറഞ്ഞിരുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































