കണ്ണൂർ: കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കടുത്ത ജാതി അധിക്ഷേപത്തെ തുടർന്നാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. നിതിനെ ഇരുവരും ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
കോളേജിലെ അധ്യാപകൻ മകനെ ജാതി പറഞ്ഞും പുഴുത്ത പട്ടി എന്നും വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു. നിതിൻ രാജിന് നേരെ മറ്റു വിദ്യാർഥികൾക്ക് മുന്നിൽവെച്ച് പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്‌ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കോളേജിലെ മൂന്ന് അധ്യാപകർക്ക് എതിരെയാണ് ആരോപണങ്ങൾ. അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം പറയുന്ന നിതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ കോളേജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ റിസപ്‌ഷൻ വിഭാഗത്തിന്റെയും കോളേജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്ത് ചെങ്കൽ പാകിയ സ്‌ഥലത്ത് നിതിൻ രാജ് വീണുകിടക്കുന്നത് ആശുപത്രിയിൽ എത്തിയ ഒരു കുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആര്യനാട് ഉഴമലയ്‌ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈഎൽ. രാജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സിആർ. ലതയുടെയും ഏക മകനാണ് നിതിൻ രാജ്. ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്‌കരിക്കും. നിധിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി






































