കോഴിക്കോട്: താമരശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്‌റ്റിൽ അറിയിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറാകും അന്വേഷിക്കുക. ഷഹബാസിന്റെ മരണം ഏറെ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്‌ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസാണ് (15) മരിച്ചത്. പരിക്കേറ്റ് അതീവ ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്ന് പുലർച്ചെ ഒന്നിനാണ് മരിച്ചത്.
ഞായറാഴ്‌ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്‌ച വൈകിട്ട് ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശേരി കൂകിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിന് പകരം വീട്ടാൻ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാൻ എത്തിയത്.
പുറമെ കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശേരി സ്‌കൂളിലെ പത്താം വിദ്യാർഥികളായ അഞ്ചുപേരെ കസ്‌റ്റഡിയിൽ എടുത്ത് കോഴിക്കോട് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി. അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റവും ചുമത്തി.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ