കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അപകടത്തിൽപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ ഉത്തരവ്. മൺസൂൺ കാലയളവ് അവസാനിക്കുന്നത് വരെ വിലക്ക് തുടരും.
വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പൈലറ്റ് അടക്കം 18 പേർ കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വലിയ വിമാനങ്ങൾക്ക് തത്കാലിക നിയന്ത്രണമേർപ്പെടുത്തിയിരുന്നു
2015 മുതൽ വലിയ വിമാനങ്ങൾ ഇറക്കാൻ തടസമുണ്ടായിരുന്നു എങ്കിലും കഴിഞ്ഞ വർഷം റൺവേ സൗകര്യങ്ങൾ വർധിപ്പിക്കുകയും കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തതോടെ അനുമതി തിരിച്ചുകിട്ടുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള മലബാർ മേഖലയിൽ വിമാനത്താവളത്തിനെ ആശ്രയിക്കുന്ന ഒരുപാട് പേർക്ക് തീരുമാനം തിരിച്ചടിയാവും.
അപകടത്തിനെത്തുടർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ കരിപ്പൂരിലെ ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡിജിസിഎ സ്ഥാനത്ത് നിന്നും അരുൺ കുമാറിനെ മാറ്റണം എന്നാവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പകരം വ്യോമയാന രംഗത്തെ വിദഗ്ദ്ധരെ ഡിജിസിഎ ആയി നിയമിക്കണം എന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിയെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ സംഘടനകൾ.