തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയിൽ എഡിജിപിക്ക് ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ അന്വേഷണ റിപ്പോർട് എന്നാണ് സൂചന.
അജിത് കുമാറിനെ മാറ്റുന്നതിൽ റിപ്പോർട് നിർണായകമാകും. റിപ്പോർട് ലഭിച്ച സാഹചര്യത്തിൽ അജിത്തിനെതിരായ ഉണ്ടായേക്കും. പിവി അൻവർ ഉന്നയിച്ച പരാതിയിൽ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട് നൽകണമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയിരുന്ന നിർദ്ദേശം.
ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പോലീസിൽ സർവശക്‌തനാണെന്നും ഐജി വി വിജയനെ തകർത്തത് അജിത് കുമാറാണെന്നും സുജിത് ദാസ് പറഞ്ഞു.
എഡിജിപിയുടെ ഭാര്യാ സഹോദരൻമാർക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അൻവറിനോട് സുജിത് ദാസ് പറയുന്നത് കേരളം കേട്ടു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവർത്തിച്ച ഓൺലൈൻ ചാനൽ ഉടമയ്‌ക്ക് പോലീസിന്റെ നീക്കങ്ങൾ ചോർത്തിക്കൊടുത്തത് അജിത് കുമാറാണെന്ന് അൻവറും ആരോപിച്ചിരുന്നു. അന്വേഷണ റിപ്പോർട് വന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.
Most Read| ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം








































