കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വാർത്തകൾ ശരിവെച്ചുകൊണ്ടാണ് കുഞ്ഞികൃഷ്‌ണൻ രംഗത്തെത്തിയത്.
”ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്‌ണൻ പറയുന്നത്. കുടുംബത്തിന് വീട് വെച്ചുനൽകുകയും 18 ലക്ഷം രൂപ സ്‌ഥിര നിക്ഷേപമായി നൽകുകയും ചെയ്‌തു. ടിവി മധുസൂദനൻ ഏരിയ സെക്രട്ടറി ആയിരുന്ന കാലത്താണ് പിരിവ് നടത്തിയത്.
തുടർന്ന് സെക്രട്ടറിയായ കെപി. മധുവിനും ഫണ്ട് മുക്കിയതിൽ പങ്കുണ്ട്. ധൻരാജ് കൊല്ലപ്പെട്ട 2016ൽ തന്നെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചു. ധൻരാജിന്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പടെ നടന്നെങ്കിലും 2021 വരെയുള്ള കണക്കുകൾ അവതരിപ്പിച്ചില്ല. 2021ൽ കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരുന്നു. അതിൽ വിചിത്രമായ കണക്കുകളാണ് കാണാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിലാണ് ഫണ്ട് പരിശോധിച്ചത്. ഒരുകോടി രൂപയോളമാണ് അന്ന് പിരിച്ചത്. വീട് നിർമാണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തി. ഇക്കാര്യം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനെ രേഖാമൂലം അറിയിച്ചു. പാർട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷൻ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ചെയ്‌തത്.
ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മീഷൻ കണ്ടെത്തിയ വീഴ്‌ച. പിന്നീട് എംവി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും ഇക്കാര്യം അറിയിച്ചു. എന്നെ പാർട്ടിക്ക് വേണ്ടേ എന്നും ചോദിച്ചു. ഞാൻ ഒരു തെറ്റും ചെയ്‌തില്ല. ഏകപക്ഷീയമായി പാർട്ടി തന്നെ മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിലും വെട്ടിപ്പ് കാണിച്ചു”- കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
താനെഴുതിയ പുസ്‌തകത്തിൽ ഇതെല്ലാം വിശദമായി പറയുന്നുണ്ട്. അടുത്തയാഴ്‌ച പുസ്‌തകം പുറത്തിറങ്ങും. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ട്. ഭയക്കുന്നില്ലെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ ഒരുസംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഫണ്ട് വെട്ടിപ്പുമായി പരാതി ഉയർന്നെങ്കിലും പാർട്ടി കാര്യമായെടുത്തിരുന്നില്ല.
Most Read| ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക





































