ദിലീപിന്റെ വിഐപി ദർശനം; പോലീസ് ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് റിപ്പോർട്

ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചതെന്നാണ് ശബരിമല സ്‌പെഷ്യൽ പോലീസ് ഓഫീസർ പി ബിജോയ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

By Senior Reporter, Malabar News
Dileep in Sabarimala
Ajwa Travels

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ, പോലീസ് അനർഹമായ ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് ശബരിമല സ്‌പെഷ്യൽ പോലീസ് ഓഫീസർ. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പി ബിജോയ് റിപ്പോർട് സമർപ്പിച്ചത്.

ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. നടന് പ്രത്യേകമായി ഒരു പരിഗണനയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്‌ക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസറുമൊത്താണ്.

ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ ബാലകൃഷ്‌ണനും മകനും സോപാനത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്നു. ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ പുറത്ത് കാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്.

ഇവിടം നോക്കുന്നത് ദേവസ്വം ഗാർഡുമാരാണ്. സോപാനം സ്‌പെഷ്യൽ ഓഫീസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോർട്ടിൽ പറയുന്നു. നടന് പോലീസ് പമ്പയിലോ സന്നിധാനത്തോ യാതൊരു വിധത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ആവർത്തിക്കുന്നു. സ്‌പെഷ്യൽ പോലീസ് ഓഫീസറെന്ന നിലയിൽ താൻ എല്ലാ പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ ജോലിയെ കുറിച്ച് വ്യക്‌തമായ ധാരണ നൽകിയിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം ദർശനത്തിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഒരു ലംഘനവും വരാതിരിക്കാൻ പോലീസിന്റെ സോപാനം ഡിവിഷൻ ഇൻസ്‌പെക്‌ടറെ ചുമതലപ്പെടുത്തി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE