സംവിധായകൻ ഷാഫി അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യ സിനിമകളുടെ തോഴൻ

രാജസേനൻ സംവിധാനം ചെയ്‌ത 'ദില്ലിവാലാ രാജകുമാരൻ' എന്ന സിനിമയിൽ അസി.ഡയറക്‌ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ 'കല്യാണരാമൻ' മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.

By Senior Reporter, Malabar News
director shafi

കൊച്ചി: ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഹി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റി. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളൊരുക്കിയ സംവിധായകൻ, ഷാഫി നമ്മെ വിട്ട് പിരിയുമ്പോൾ നർമങ്ങൾ ചാലിച്ച ഒരുപിടി ചിത്രങ്ങൾ ബാക്കിയാകുന്നു.

തലച്ചോറിൽ രക്‌തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒരാഴ്‌ച മുൻപ് ആസ്‌റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി (56) ഏഴ് ദിവസമായി അതീവ ഗുരുതരാവസ്‌ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം. മൃതദേഹം ഇന്ന് രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് ഒമ്പത് മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിന് വെക്കും.

സംസ്‌കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. 1968 ഫെബ്രുവരിയിൽ എറണാകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എംഎച്ച് എന്ന ഷാഫിയുടെ ജനനം. പിതാവ് എംപി ഹംസ, മാതാവ് നബീസുമ്മ. കലാകാരൻമാരായ അമ്മാവൻമാരും മറ്റു ബന്ധുക്കളുമൊക്കെ സിനിമയും മറ്റു ചർച്ച ചെയ്യുന്നത് കേട്ട് വളർന്ന ഷാഫിയിലും കുട്ടിക്കാലത്ത് തന്നെ സിനിമാ മോഹമുണ്ടായി.

സ്‌കൂൾ കാലത്ത് മിമിക്രിയും മോണോ ആക്‌ടും അവതരിപ്പിച്ചിരുന്നു. അമ്മാവൻ സിദ്ദിഖ് സിനിമയിൽ എത്തിയതോടെ അത് ശക്‌തവുമായി. സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റേയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനൻ സംവിധാനം ചെയ്‌ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയിൽ അസി.ഡയറക്‌ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

പിന്നാലെയെത്തിയ ‘കല്യാണരാമൻ’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ളേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീട് തുടങ്ങി ബോക്‌സ് ഓഫീസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്‌ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്.

വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പടെ 18 സിനിമകൾ സംവിധാനം ചെയ്‌തു. 2022ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഭാര്യ: ഷാമില. മക്കൾ: അലീമ ഷെറിൻ, സൽ‍മ ഷെറിൻ. പ്രശസ്‌ത സംവിധായകൻ സിദ്ദിഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകനും നടനയുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.

Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE