പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്റ്റീഫൻ എന്നിവരെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതുവരെ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലങ്കോട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. കാണാതായ യുവാക്കളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട ഒരു തെളിവ് പോലും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, തമിഴ്നാട്ടിലും പരിശോധനാ സംഘം എത്തിയിരുന്നെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. ഓഗസ്റ്റ് 30ന് രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് ഇവർ തിരിച്ചുവന്നിട്ടില്ല. ആരും ഇവരെ കണ്ടതായും ഇല്ല. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഇതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമവും ദുഷ്ക്കരമായി.
മുങ്ങൽ വിദഗ്ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്ഥാപിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല. അതേസമയം, യുവാക്കൾ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്ന് ചപ്പക്കാട് ഊര് മൂപ്പൻ ചിന്നച്ചാമി നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. യുവാക്കളെ കാണാതായിട്ട് ഒരു മാസം പിന്നിട്ട സാഹചര്യത്തൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്നാണ് നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും ആവശ്യപ്പടുന്നത്.
Most Read: മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചിരുന്നു, ശ്രമം തുടരും; രമേശ് ചെന്നിത്തല







































