കോഴിക്കോട്: കുറ്റ്യാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ അച്ചടക്ക നടപടി തുടർന്ന് സിപിഎം. വളയം, കുറ്റ്യാടി ലോക്കൽ കമ്മറ്റികളിലെ 32 പേർക്കെതിരെ കൂടി നടപടിയെടുത്തു. പാർട്ടി നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചുണ്ടായ പ്രക്ഷോഭങ്ങളിലാണ് നടപടി.
എംഎൽഎയേയും ഏരിയാ കമ്മിറ്റി അംഗങ്ങളെയും തരംതാഴ്ത്തിയതിന് പിന്നാലെയാണ് പാർട്ടി നടപടികൾ കടുപ്പിച്ചിരിക്കുന്നത്. യുഡിഎഫിൽ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചുപിടിച്ചെങ്കിലും കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സിപിഎം തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേർക്കെതിരെയും നടപടിയെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ലോക്കൽ കമ്മിറ്റികളിലെ കൂട്ടനടപടി.
നേരത്തെ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇപ്പോൾ നാല് പേരെയാണ് പുറത്താക്കിയിരിക്കുന്നത്. മൂന്ന് പേരെ ഒരു വർഷത്തേക്കും രണ്ട് പേരെ ആറ് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വളയം ലോക്കൽ കമ്മിറ്റിയിൽ രണ്ട് പേരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബ്രാഞ്ച് തലത്തിലുള്ളവർക്ക് താക്കീത് നൽകിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനാണ് നൽകിയിരുന്നത്. ഇതിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. കുഞ്ഞമ്മദ് മാസ്റ്റർക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തിന് പോലും ഞെട്ടലുണ്ടാക്കിയിരുന്നു. അന്ന് പ്രതിഷേധ നടപടികൾക്ക് വഴങ്ങി സീറ്റ് സിപിഎം ഏറ്റെടുത്തെങ്കിലും അച്ചടക്ക നടപടി കടുപ്പിക്കുകയായിരുന്നു.
Also Read: കൊടകര കള്ളപ്പണ കേസ്; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം അന്വേഷിക്കും








































