ആലപ്പുഴ: തർക്കം നിലനിൽക്കുന്ന നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്ടർ. പരിസ്ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചു. മണ്ണെടുക്കുന്നത് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ എന്നതുൾപ്പടെ പഠിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പി പ്രസാദ് ചൂണ്ടിക്കാട്ടി.
പ്രോട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു രേഖയും കുന്നിടിക്കുന്നതിന് അനുമതി നൽകിയ ഫയലിൽ ഇല്ലെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ സമ്മതിച്ചുവെന്നും മന്ത്രി പ്രസാദ് അറിയിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി. അതേസമയം, നൂറനാട്ടെ പോലീസ് അതിക്രമം അന്വേഷിക്കാൻ എസ്പിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഗൗരവതരമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി അനുമതി നൽകിയോയെന്ന് അന്വേഷിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. മണ്ണെടുപ്പിൽ സ്റ്റാൻഡേർസ് ഓപ്പറേഷൻ പ്രൊസീജർ പാലിക്കപ്പെട്ടില്ല. സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പോലീസ് നടപടി പരിശോധിക്കാൻ എസ്പിക്ക് ചുമതല നൽകി. മണ്ണെടുപ്പിൽ കേന്ദ്ര സർക്കാർ പ്രോട്ടോകോൾ പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പ്രതിഷേധത്തെ തുടർന്നുള്ള കേസുകൾ പിൻവലിക്കുന്നതിനെ സംബന്ധിച്ച് പരിശോധിക്കും. അന്വേഷണ റിപ്പോർട് വന്നു അത് പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ, നൂറനാട് ദേശീയപാത നിർമാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലിയാണ് മറ്റപ്പള്ളിയിൽ തർക്കം നിലനിൽക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഘർഷത്തെ തുടർന്നാണ് കുന്നിടിക്കുന്നത് നിർത്തിവെച്ചിരുന്നത്.
പാലമേൽ പഞ്ചായത്തിൽ നാല് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമെ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകാട് എന്നിവിടങ്ങളിലെ കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിയിലാണ് ആദ്യം ഇടിക്കുന്നത്. 2005ൽ ആണ് മണ്ണുമാഫിയയുടെ കണ്ണ് ഈ മലനിരകളിൽ പതിക്കുന്നത്. അപ്പോൾ മുതൽ ഇവിടം സംഘർഷ ഭൂമിയാണ്. വികെ ബാലകൃഷ്ണൻ, മിനി ആന്റണി എന്നിവർ ആലപ്പുഴ കളക്ടർമാരായിരിക്കെ മണ്ണെടുപ്പിനെതിരെ പലതവണ നിരോധനാജ്ഞ ഏർപ്പെടുത്തിയിയിട്ടുണ്ട്.
2008ൽ പുലിക്കുന്ന് മലയിൽ നിന്ന് മണ്ണെടുക്കാൻ ശ്രമമുണ്ടായപ്പോൾ പാലമേൽ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഈ മലകളെ കുറിച്ച് പഠനം നടത്താൻ ഭൗമശാസ്ത്ര പഠനകേന്ദ്രത്തോട് (സെസ്) ആവശ്യപ്പെടുകയും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.
പാലമേൽ പ്രദേശത്തെ കുന്നുകളും മലകളും സംരക്ഷിച്ചില്ലെങ്കിൽ ജൈവവൈവിധ്യ നാശം മൂലമുള്ള പ്രതിസന്ധി രൂക്ഷമാകുമെന്നും ശുദ്ധജലത്തിനും പ്രളയത്തിനും കാരണമാകുമെന്നും സെസ് റിപ്പോർട് നൽകി. ഓണാട്ടുകരയിലെ വലിയൊരുഭാഗം മണൽ പുരയിടങ്ങളാണ്. എന്നാൽ, പാലമേൽ ഉൾപ്പെടുന്ന പ്രദേശത്തെ കുന്നുകളാണ് ജലം സംരക്ഷിച്ചു നിർത്തുന്നത്. മഴ ഇല്ലാതായാൽ ഇവിടുത്തെ ജലസംഭരണി എന്ന് വിശേഷിപ്പിക്കാവുന്ന കരിങ്ങാലിൽചാൽ പുഞ്ച വറ്റിവരളും.
പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്ടെ വിശേഷപ്പെട്ട ഇനം പക്ഷകളുടെ വംശനാശത്തിനും ഇത് കാരണമാകാം. റെഡ് ഡാറ്റ ബുക്കിൽ വരെ ഇടം പിടിച്ചിട്ടുണ്ട് ഇവിടം. ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥക്കാകെ കോട്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സെസിന്റെ റിപ്പോർട്ടിൽ നടപടിയൊന്നും ഉണ്ടായില്ല. വീണ്ടും മണ്ണെടുപ്പ് പ്രശ്നം ഉടലെടുത്തപ്പോൾ ആറ് മാസത്തിനകം ഈ റിപ്പോർട് നയം വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു.
Most Read| സംസ്ഥാന സ്കൂൾ കലോൽസവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി