കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകം പുറത്തിറക്കി. പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനായാണ് ജില്ലാ പഞ്ചായത്ത് കൈപുസ്തകം ഇറക്കിയിട്ടുള്ളത്.
ജില്ലയില്‍ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റെപ്സ് എന്ന പേരില്‍ പുസ്തകം ഇറക്കിയത്. വിവിധ വിഷയങ്ങളിലായി അമ്പതോളം വിദഗ്ധരായ അധ്യാപകര്‍ ചേര്‍ന്നാണ് പുസ്തകം തയാറാക്കിയത്. കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് നേടാന്‍ കഴിയുന്ന എളുപ്പ വഴികളെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനും കഴിയുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം .
എസ്സിഇആര്ടിയുടെ ചോദ്യ പാറ്റേണ്‍ അനുസരിച്ചുള്ള ചോദ്യപേപ്പര്‍ അടങ്ങിയ ചോദ്യബാങ്ക് ആണ് രണ്ടാമത്തെ കൈപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കുട്ടികള്‍ക്ക് സ്കൂളില്‍ പരീക്ഷ നടത്തുകയും സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ എസ്എസ്എൽസി പരീക്ഷയുടെ മാതൃകയില്‍ തന്നെ പരീക്ഷ നടത്തുന്നുണ്ട് എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തുകയും ചെയ്യും.
Also Read: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം; ചെന്നിത്തല







































