ബെംഗളൂരു: തന്നെയും കർണാടക സർക്കാരിനെയും താഴെയിറക്കാൻ കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയുള്ള സ്‌ഥലത്താണ് പൂജ നടന്നതെന്നും സ്‌ഥലം വ്യക്‌തമാകാൻ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേര് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നായിരുന്നു ഡികെയുടെ ആരോപണം.
ആരോപണം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ തള്ളിയിരുന്നു. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!