ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയയ്ക്ക് അവസരം ലഭിച്ചുവെങ്കിലും അവർ അത് നിരാകരിക്കുകയും മൻമോഹൻ സിങ്ങിന് അവസരം നൽകുകയും ചെയ്തുവെന്നാണ് ശിവകുമാറിന്റെ വാക്കുകൾ.
‘20 വർഷം കോൺഗ്രസിന്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. അവരും അധികാരം ത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുൽ കലാം അവരെ പ്രധാനമന്ത്രിയാകാൻ വിളിച്ചു. എന്നാൽ, അവർ അത് നിരസിച്ചു. രാജ്യത്തെ മുന്നോട്ട് നയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മൻമോഹൻ സിങ്ങിനെ നിർദ്ദേശിച്ചു’- ഡികെ ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഒരിക്കൽ കൂടി തങ്ങളെ അനുഗ്രഹിക്കണമെന്നും ശിവകുമാർ പറഞ്ഞു. 2028ലെ പൊതു തിരഞ്ഞെടുപ്പ് ഉദ്ദേശിച്ചായിരുന്നു ശിവകുമാറിന്റെ പ്രസംഗം.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും








































