ന്യൂഡെൽഹി: പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് എഐസിസി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കെസി വേണുഗോപാല്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ് പറഞ്ഞു. എന്തുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്‌തമാക്കേണ്ടത് പാര്‍ട്ടി പ്രസിഡണ്ടാണ്.
സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം തേടി താന്‍ അയച്ച കത്ത് സോണിയോ ഗാന്ധി കണ്ടിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും കെവി തോമസ് പറഞ്ഞു. കെപിസിസി വിലക്ക് സംബന്ധിച്ച് സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നു.
വിലക്ക് സംബന്ധിച്ച അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളെ ബഹുമാനത്തോടെയാണ് കാണുന്നത്. സിപിഎം ദേശീയ തലത്തില്‍ നിന്നാണ് തനിക്ക് ക്ഷണം ലഭിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ വിവാദത്തിനില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണെന്നും അതില്‍ ചിന്തകള്‍ പങ്കുവയ്‌ക്കുന്നതില്‍ തെറ്റില്ലെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. എന്നാൽ വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് ഇന്നലെയും കെ സുധാകരന്‍ ആവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ ശശി തരൂര്‍ പങ്കെടുത്തോട്ടെയെന്നും സുധാകരന്‍ നിലപാട് വ്യക്‌തമാക്കി.
Read Also: ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി