ന്യൂഡെൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികൾ മുറവിളി കൂട്ടുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ സന്ദേശങ്ങളിൽ അധികൃതർ പറഞ്ഞു.
റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിത മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. എല്ലാവരും സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദ്ദേശിച്ചു. വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. അവരുടെ വേദനയും ആശങ്കയും മനസിലാക്കുന്നു എന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
അവരെ രക്ഷിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗത സൗകര്യമില്ല. പ്രാദേശിക വെടിനിർത്തൽ ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയൂ. അതിനായി റഷ്യക്കും യുക്രൈനുംമേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തുകയാണ്. ഉടൻ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്‌തമാക്കി.
സുമിയിലെ വിദ്യാർഥികൾ ബങ്കറുകളിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. അവിടെ വൈദ്യുതിബന്ധം തിരിച്ചുവന്നു. വെള്ളലഭ്യതയിൽ കുറച്ച് പ്രശ്‌നങ്ങളുണ്ട്. സുമിയിൽനിന്ന് റഷ്യൻ അതിർത്തി 60 കിലോമീറ്റർ ദൂരെയാണ്. അവിടേക്കുള്ള യാത്ര എളുപ്പമല്ല. സുരക്ഷിതപാത ഒരുങ്ങിയാൽ മാത്രമേ ഒഴിപ്പിക്കൽ നടക്കൂവെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
Most Read: യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ