കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മെയ് 14നാണ് അഭിലാഷ് ചന്ദ്രൻ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്‌ടറെ മർദ്ദിച്ചത്. തുടർന്ന് അഭിലാഷ് ഒളിവിൽ പോയിരുന്നു.
പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമര പരിപാടികൾ നടത്തിയിരുന്നു. ഇന്ന് സംസ്‌ഥാന വ്യാപകമായി രാവിലെ 10 മുതൽ 11 വരെ ഒപികൾ ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചിരുന്നു.
അതേസമയം, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡിവൈഎസ്‌പി, മാവേലിക്കര എസ്എച്ച്ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.
Also Read: ‘ഉചിതമായ തീരുമാനം’; ജോസഫൈന്റെ രാജിയിൽ പ്രതികരിച്ച് വിഡി സതീശൻ