പുതുപ്പള്ളി: തനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ഓഫറിന്റെയും പിന്‍ബലം ആവശ്യമില്ല. പാര്‍ട്ടിയില്‍ എന്തെങ്കിലും പദവിയുണ്ടായാലും ഇല്ലെങ്കിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പാര്‍ട്ടിക്ക് തൃപ്‌തികരമായ വിധത്തില്‍ താന്‍ നിര്‍വഹിക്കും. ഏതെങ്കിലും സ്‌ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍ പ്രസക്‌തിയില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മുന്നിലുള്ളത്. പ്രവര്‍ത്തകരുമായും വിവിധ മേഖലകളിലെ അനുഭാവികളുമായും സംസാരിച്ചപ്പോള്‍ അവരുടെയെല്ലാം ആവശ്യം യുഡിഎഫ് ഒന്നിച്ചുനിന്ന് മുന്നോട്ടുപോകണമെന്നാണ്.
ആ നിര്‍ദേശം അനുസരിച്ച് ജയിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇനി യുഡിഎഫിന്. കേരളത്തിലെ ജനങ്ങളും അതാഗ്രഹിക്കുന്നു. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബിജെപി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് എതിരാണെന്ന് നടിക്കുകയും പരോക്ഷമായി അവരോട് ചങ്ങാത്തം കൂടുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. എല്ലാ കാലത്തും സിപിഎമ്മിന്റെയും ബിജെപിയുടെയും ഒന്നാം നമ്പര്‍ ശത്രു കോണ്‍ഗ്രസും യുഡിഎഫുമാണ്. നടക്കാന്‍ പോകുന്നില്ലെങ്കിലും കോണ്‍ഗ്രസ് മുക്‌ത ഭാരതമാണ് മോദിയുടെ സ്വപ്‌നം. അതിനുവേണ്ടി സിപിഎമ്മിനോടുപോലും കൂട്ടുകൂടാന്‍ ബിജെപി മടിക്കില്ലെന്നത് വ്യക്‌തമായതാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ പിന്നിലാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നു. എന്നാല്‍ മുന്‍കാല തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ പ്രകടനം മോശമാണെന്ന് പറയാന്‍ സാധിക്കില്ല. ഒരു കോര്‍പറേഷന്റെ ഭരണം കഴിഞ്ഞ തവണത്തെ പോലെ ഇപ്പോഴും യുഡിഎഫിനുണ്ട്. മുനിസിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പമാണ്. 23 ഗ്രാമപഞ്ചായത്തുകള്‍ അധികം നേടാന്‍ സാധിച്ചു. ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലാണ് ഇത്തവണ കുറവുണ്ടായത്.
സര്‍ക്കാറിനെതിരായ ആക്ഷേപങ്ങളുടെ പശ്‌ചാത്തലത്തില്‍ വലിയ വിജയം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയം ചര്‍ച്ചചെയ്യപ്പെടാതെ വരികയും അതോടൊപ്പം റിബല്‍ പ്രശ്‌നങ്ങള്‍ കാരണമുള്ള പോരായ്‌മകളും യുഡിഎഫിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചു.
തെറ്റു പറ്റിയാല്‍ അംഗീകരിക്കാനും തിരുത്താനും മടികാണിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിജയത്തില്‍ അതിയായി അഹങ്കരിക്കുകയോ പരാജയത്തില്‍ നിരാശരായി മാളത്തിലൊളിക്കുകയോ ചെയ്യാറില്ല. പത്തു വോട്ടിനു വേണ്ടി സിപിഎം എന്തും ചെയ്യുമെന്നതിന് ഉദാഹരണമാണ് അവരുടെ എസ്ഡിപിഐ ബന്ധം.
തീവ്രവാദികളുമായി കൂടാനും അവരുടെ വോട്ടു വാങ്ങാനും ശ്രമിക്കുമ്പോള്‍ അതിനൊരു ന്യായം. ബിജെപിയുമായി പരസ്യമായി കൂട്ടുചേരുമ്പോള്‍ അതിന് മറ്റൊരു ന്യായം. വരുന്ന തിരഞ്ഞെടുപ്പില്‍ ഈ കൂട്ടുകെട്ടിനെ മറികടക്കാമെന്ന തികഞ്ഞ ആത്‍മവിശ്വാസം കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ട്; ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read also: വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി