തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചർച്ച നടത്തി ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍. ആയുഷ് മേഖലയിലെ സാധ്യതകളെ പറ്റിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ചർച്ച നടത്തിയത്. കേരളത്തിലെ പരമ്പരാഗതമായ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതാണെന്നും, ആയുര്‍വേദ മേഖലയില്‍ കേരളവുമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കൂടാതെ കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. കേരള ആരോഗ്യ സര്‍വകലാശാലയുമായി സഹകരിക്കുന്നതിലുള്ള താൽപര്യവും അദ്ദേഹം അറിയിച്ചു. ഒപ്പം തന്നെ കേരളം നടത്തിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും കേരളത്തിലെ ആയുര്‍വേദ മേഖലയുടെ പ്രത്യേകതകളും മന്ത്രി വിവരിക്കുകയും ചെയ്‌തു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കെഎംഎസ്‌സിഎല്‍ മാനേജിംഗ് ഡയറക്‌ടർ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read also: ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ







































