വാഷിങ്ടൻ: പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. വിദേശ സഹായങ്ങൾ മരവിപ്പിക്കാനാണ് ട്രംപിന്റെ പുതിയ നീക്കം. അടിയന്തിര ഭക്ഷണത്തിനും സൈനിക സഹായത്തിനും വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായങ്ങളാണ് നിർത്തലാക്കുന്നത്.
അതേസമയം, ഇസ്രയേലിനും ഈജിപ്‌തിനും നൽകുന്ന സഹായങ്ങൾ തുടരും. എന്നാൽ, റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ജോ ബൈഡൻ കോടിക്കണക്കിന് ഡോളർ ആയുധങ്ങൾ നൽകിയ യുക്രൈനെ ഉൾപ്പടെ തീരുമാനം ബാധിക്കുമെന്നാണ് വിവരം. ട്രംപ് തിങ്കളാഴ്‌ച അധികാരമേറ്റതിന് തൊട്ടുപിന്നാലെ 90 ദിവസത്തേക്ക് വിദേശസഹായം താൽക്കാലികമായി നിർത്തിവെക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു.
എന്നാൽ, ഇത് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്‌തമല്ല. ആഫ്രിക്കയിൽ, ആന്റി റിട്രോവൈറൽ മരുന്നുകൾ വാങ്ങുന്ന എച്ച്ഐവി വിരുദ്ധ സംരംഭമായ പെപ്‌ഫാറിനുള്ള യുഎസ് ഫണ്ടിങ് കുറച്ചുനാളുകളായി കുറഞ്ഞിരുന്നു. 2003ൽ അന്നത്തെ പ്രസിഡണ്ടായിരുന്ന ജോർജ് ഡബ്ളു ബുഷിന്റെ കീഴിൽ ആരംഭിച്ച പെപ്‌ഫാർ വഴി ഏകദേശം 26 ദശലക്ഷം ജീവനുകളാണ് രക്ഷിച്ചത്.
എല്ലാ വിദേശ സഹായങ്ങളിലും 85 ദിവസത്തിനകം ആഭ്യന്തര അവലോകനം നടത്തണമെന്നാണ് തീരുമാനം. വളരെക്കാലമായി ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളാണ് അമേരിക്ക. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡവലപ്പ്മെന്റിന്റെ കണക്കനുസരിച്ച്, 2023ൽ യുഎസ് 64 ബില്യൺ ഡോളറിലധികമാണ് വിദേശ രാജ്യങ്ങളെ സഹായിക്കാനായി നൽകിയത്.
അതിനിടെ, നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ട്രംപ് കടുത്ത നടപടി ആരംഭിച്ചുകഴിഞ്ഞു. 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തതായി വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇതിൽ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരും ക്രിമിനൽ ഓർഗനൈസേഷനായ ട്രൈൻ ഡി അരഗ്വ ഗ്യാങ്ങിലെ നാല് അംഗങ്ങളും പ്രായപൂർത്തിയല്ലാത്തവർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവരും ഉൾപ്പെടുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































