വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു.
മിയാമയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ വാദം ആവർത്തിച്ചത്. ”ഇന്ത്യയും പാക്കിസ്ഥാനുമായി വ്യാപാര കരാറിനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ആ സമയത്താണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോവുകയാണെന്ന വാർത്ത പല പത്രങ്ങളുടെയും മുൻപേജിൽ കാണുന്നത്.
ഏഴ് വിമാനങ്ങൾ വെടിവച്ചിട്ടെന്നും എട്ടാമത്തെ വിമാനത്തിന് സാരമായ നാശനഷ്ടമുണ്ടായെന്നും അറിഞ്ഞു. ആകെ മൊത്തം എട്ട് വിമാനങ്ങൾ വെടിവച്ചിട്ടു. ഇത് യുദ്ധമാണെന്നും ഇരു രാജ്യങ്ങളും അതിലേക്ക് നീങ്ങുകയാണെന്നും എനിക്ക് മനസിലായി. ഇരുവരും ആണവ രാജ്യങ്ങളാണ്. സമാധാനത്തിന് സന്ധി ചെയ്തില്ലെങ്കിൽ നിങ്ങളുമായുള്ള എല്ലാ വ്യാപാര കരാറുകളിൽ നിന്നും പിൻമാറുമെന്ന് ഇരു രാജ്യങ്ങളെയും ഞാൻ അറിയിച്ചു.
വ്യാപാര കരാറും ഈ സംഘർഷവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് രണ്ട് രാജ്യങ്ങളും പറഞ്ഞു. എന്നാൽ, രണ്ടും ആണവ രാജ്യങ്ങളാണെന്നും യുദ്ധം എന്ന തീരുമാനവുമായി മുന്നോട്ട് പോയാൽ വ്യാപാര കരാറുകളെ കുറിച്ച് മറന്നേക്കാനും ഞാൻ പറഞ്ഞു. പിറ്റേ ദിവസം ഇരുവരും യുദ്ധം അവസാനിപ്പിക്കുകയാണെന്ന സന്ദേശമാണ് എനിക്ക് ലഭിച്ചത്”- ട്രംപ് പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് തന്റെ ഇടപെടലോടെയാണെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. എന്നാൽ, ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.








































