വാഷിങ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ രതിചിത്ര നടിയായ സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.
2016 തിരഞ്ഞെടുപ്പ് കാലത്താണ്, ബന്ധം പുറത്തു പറയാതിരിക്കാൻ നടിക്ക് 1.30 ലക്ഷം ഡോളർ നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നായിരുന്നു ട്രംപ് പണം നൽകിയിരുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് പണം നൽകിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ, രണ്ടു തവണ ജനപ്രതിനിധി സഭയിൽ ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിട്ടിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെ കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തെ വിശദീകരിച്ചിരുന്നു. ഗോൾഫ് മൽസര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. റിയാലിറ്റി ഷോയിലടക്കം അവസരം വാഗ്ദാനം നൽകിയെന്നും, വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയെന്നും സ്റ്റോമി കോടതിയെ അറിയിച്ചിരുന്നു.
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് അഞ്ചുമാസം ശേഷിക്കെയാണ് ട്രംപിനെതിരെ കോടതി നടപടി. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ജോ ബൈഡനുമായി ഒരിക്കൽ കൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനും റിപ്പബ്ളിക് പാർട്ടിയിൽ ട്രംപും തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!