വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് തൊട്ടുപിന്നാലെയാണ് ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രതികരണം.
”ഗാസയിൽ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാർത്ത ലഭിക്കുമെന്നാണ് കരുതുന്നത്. വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നാണ് എന്റെ പ്രത്യേക ദൂതനായ സ്‌റ്റീവ് വിറ്റ്‌കോഫ് പറഞ്ഞത്”- ട്രംപ് പറഞ്ഞു. വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കുമെന്ന് ഖത്തർ ചൊവ്വാഴ്‌ച പറഞ്ഞിരുന്നു. ഇതിനുള്ള ചർച്ചകൾ ഊർജിതമാക്കിയതായി അടുത്തദിവസം ഹമാസും പ്രതികരിച്ചിരുന്നു.
അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ഇസ്രയേൽ സൈന്യത്തിന്റെ കവചിത വാഹനം സ്‍ഫോടനത്തിൽ തകർന്ന് ഏഴ് സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല സംഘർഷഭരിതമാണ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ