വാഷിങ്ടൻ: സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൈമാറി.
സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടർന്നാണ് തീരുമാനമെന്ന് നെതന്യാഹു പറഞ്ഞു. സമാധാനവും സുരക്ഷയും പിന്തുടരാനുള്ള ട്രംപിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. അതേസമയം, ‘സമാധാനത്തിന്റെ വക്താവ്’ എന്ന് സ്വയം വിശേഷിപ്പിച്ച ട്രംപ്, നാമനിർദ്ദേശത്തിൽ അത്ഭുതം രേഖപ്പെടുത്തി. ”ഇത് എനിക്കറിയില്ലായിരുന്നു, വൗ, വളരെ നന്ദി. പ്രത്യേകിച്ച് നിങ്ങളിൽ നിന്ന് വരുന്നത്, വളരെ അർഥവത്തായതാണ്”- ട്രംപ് പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ സമ്മർദ്ദം വർധിക്കുന്നതിനിടെ ഈവർഷം ട്രംപുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയത്. വെടിനിർത്തൽ കരാറിൽ ശേഷിക്കുന്ന എല്ലാ തടവുകാരെയും മോചിപ്പിക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് ഹമാസ് ബന്ദികളുടെ കുടുംബങ്ങൾ ഇരു നേതാക്കളോടും ആവശ്യപ്പെടുന്ന സമയത്താണ് കൂടിക്കാഴ്ച.
ഇസ്രയേലും ഹമാസും തമ്മിൽ സമാധാന കരാർ ഉണ്ടാക്കാൻ ട്രംപ് മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ, പാക്കിസ്ഥാനും ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക്ക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിന്റെ പേരിലാണിതെന്ന് പാക്ക് സർക്കാർ അറിയിച്ചിരുന്നു.
Most Read| ചരിത്രം കുറിച്ച് ആസ്ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്